top of page
Writer's pictureConfident Updates

Family Visa

ബിരുദമില്ലാത്തവര്‍ക്കും ഫാമിലിയെ കൊണ്ടുവരാം; വിസ നിയമങ്ങളില്‍ ഇളവുമായി കുവൈറ്റ്

കുവൈറ്റിലേക്ക് പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി ഉണ്ടായിരിക്കണമെന്നുള്ള വ്യവസ്ഥ റദ്ദാക്കാൻ തീരുമാനമായെന്ന് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസ നടപടികളെക്കുറിച്ചറിയാം


കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബങ്ങളെ കുവൈറ്റിലേക്ക് കൊണ്ടുവരിക ഇനി കൂടുതല്‍ എളുപ്പമാവും. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനകള്‍ ലഘൂകരിക്കാനുള്ള കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ അവര്‍ക്ക് യൂണിവേഴ്‌സിറ്റി ഡിഗ്രി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കാനുള്ള തീരുമാനമാണ് ആഭ്യന്തര മന്ത്രാലയം പുതുതായി കൈക്കൊണ്ടതെന്ന് മന്ത്രാലയം ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കുവൈറ്റിന്റെ പുതിയ തീരുമാനം.


പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, യൂണിവേഴ്‌സിറ്റി ബിരുദ യോഗ്യതയില്ലാത്ത പ്രവാസികള്‍ക്കും അവരുടെ ഭാര്യമാരെയും 14 വയസ്സിന് താഴെയുള്ള മക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവാദം ഉണ്ടായിരിക്കും. ആദ്യ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി കുടുംബ വിസ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങാന്‍ വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യ വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.


ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം ഈ വര്‍ഷം ജനുവരിയിലാണ് പ്രവാസികള്‍ക്ക് ഫാമിലി വിസയില്‍ കുടുംബങ്ങളെ കൊണ്ടുവരാനുള്ള അനുവാദം കുവൈറ്റ് പുനരാരംഭിച്ചത്. എന്നാല്‍ അപേക്ഷകര്‍ക്ക് യൂണിവേഴ്‌സിറ്റി ബിരുദവും കുറഞ്ഞത് 800 ദിനാര്‍ ശമ്പളവും ഉണ്ടായിരിക്കണം ബിരുദ യോഗ്യതയ്ക്ക് അനുസൃതമായ ജോലിയാരിക്കണം ചെയ്യുന്നത് എന്നീ നിബന്ധനകളോടെ ആയിരുന്നു ഈ അനുമതി. അതില്‍ ബിരുദം വേണമെന്ന നിബന്ധനയിലാണ് നിലവില്‍ ഇളവ് പ്രഖ്യാപിച്ചത്. അതോടെ, യോഗ്യതയ്ക്ക് അനുസൃതമായ ജോലിയായിരിക്കണമെന്ന നിബന്ധനയും ഇല്ലാതാവവും. അതേ ഫാമിലിയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഏറ്റവും കുറഞ്ഞ ശമ്പളം 800 ദിനാര്‍ വേണമെന്ന നിബന്ധന തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.


അതിനിടെ, റസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈറ്റില്‍ താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്താൻ ഉള്ള സംയുക്ത സുരക്ഷാ റെയിഡുകള്‍ തുടരുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, പിടികൂടപ്പെടുന്ന നിയമലംഘകര്‍ക്ക് ആവശ്യമായ എല്ലാ മാനുഷിക സേവനങ്ങളും നല്‍കാനും അവരെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


8 views0 comments

Comments


bottom of page