കുവൈറ്റില്‍ ചൂട് 50 ഡിഗ്രിക്ക് മുകളില്‍; തീപിടിത്തത്തിനെതിരേ ബോധവത്ക്കരണവുമായി ഫയര്‍ഫോഴ്‌സ്
ഇതിന്റെ പശ്ചാത്തലത്തില്‍ തീപിടിത്തം തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനുള്ള ആഹ്വാനവുമായി ബോധവല്‍ക്കരണ ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ് കുവൈറ്റ് ഫയര്‍ ഫോഴ്‌സ്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് കടന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്ത സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. മലയാളികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ മരിക്കാനിടയായ അല്‍ മംഗഫ് തീപിടിത്തത്തിനു ശേഷവും വിവിധ കെട്ടിടങ്ങളിലും മറ്റുമായി തീപ്പിടിത്ത സംഭവങ്ങള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
ഇലക്ട്രിക്കല്‍ ഉപകരണങ്ങളാണ് തീപിടിത്തത്തിനുള്ള പ്രധാന കാരണമായി ജനറല്‍ ഫയര്‍ഫോഴ്സ് ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ചും, ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ ബാറ്ററികള്‍ക്ക് തീപ്പിടിച്ച സംഭവങ്ങള്‍ അടുത്ത ദിവസങ്ങളിലായി വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഇക്കാര്യത്തില്‍ പൗരന്മാരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ നല്‍കിയ പോസ്റ്റില്‍ ആവശ്യപ്പെട്ടു. അഗ്‌നി അപകടങ്ങള്‍ കുറയ്ക്കുന്നതിന് മികച്ച നിലവാരമുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ മാത്രമേ സ്‌കൂട്ടര്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ പാടുളളൂ. അടച്ചിട്ട ഇടങ്ങളില്‍ വച്ചുള്ള ചാര്‍ജ്ജിംഗ് അപകടസാധ്യത ഏറിയതാണ്. മുന്‍കരുതല്‍ നടപടികയുടെ ഭാഗമായി സ്‌കൂട്ടര്‍ ബാറ്ററിയില്‍ദീര്‍ഘനേരം ചാര്‍ജിംഗില്‍ ഇടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പലപ്പോഴും ആളുകളുടെ അശ്രദ്ധയാണ് തീപിടിത്തങ്ങള്‍ക്ക് കാരണമാകുന്നതെന്നും അധികൃതര്‍ അറിയിച്ചു. തീ പടരാവുന്ന വസ്തുക്കള്‍ താമസ കെട്ടിടങ്ങളില്‍ സൂക്ഷിക്കുന്നതും, കോണിപ്പടികളില്‍ സാധനങ്ങള്‍ കൂട്ടിയിടുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുവാന്‍ കാരണമാകുന്നു. അതോടപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയില്‍ നിന്നും തീപടരാനുള്ള സാധ്യതും ഏറെയാണ്. പാചകം കഴിഞ്ഞാലുടന്‍ പാചകവാതക സിലിണ്ടറിന്റെ വാള്‍വ് ഓഫാക്കാന്‍ ശ്രദ്ധിക്കണം. വലിയൊരളവോളം തീപ്പിടിത്ത സംഭവങ്ങള്‍ ഇതുവഴി ഒഴിവാക്കാനാവുമെന്നും അധികൃതര്‍ അറിയിച്ചു.
തീപിടിത്തം ഉണ്ടായാല്‍ സംഭവം നടന്ന സ്ഥലത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സ് അധികൃതര്‍ക്ക് നല്‍കാനും ശ്രദ്ധിക്കണം. ഇത് തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാന്‍ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഏറെ സഹായകമാവും. ചൂട് കൂടിയതോടെ മുതിര്‍ന്ന പൗരന്‍മാര്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പകല്‍ സമയങ്ങളില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം. പുറത്തു ജോലിചെയ്യുന്നവരുടെ ജോലിസമയം 11 മണി മുതല്‍ നാല് മണിവരെയായി മാന്‍പവര്‍ അതോറിറ്റി നിലവില്‍ പുനക്രമീകരിച്ചിട്ടുണ്ട്. തീപിടിത്തം ഒഴിവാക്കാനായി പ്രത്യേക ജാഗ്രതപാലിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments