കുവൈറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഇനി മിനിറ്റുകൾ മതി; എങ്ങനെ എന്നറിയാം
കുവൈറ്റിലുള്ളവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് നേടാൻ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 150ലധികം രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാന്‍ ഈ ലൈസന്‍സ് ഉപയോഗിച്ച് സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡായും ഇത് ഉപയോഗപ്പെടുത്താനാകും.
കുവൈറ്റ് സിറ്റി: ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടാവുകയെന്നത് അത്യാവശ്യമാണ്. കുവൈറ്റിലുള്ളവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് നേടാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.
150ലധികം രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാന്‍ ഈ ലൈസന്‍സ് ഉപയോഗിച്ച് സാധിക്കും. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡായും ഇത് ഉപയോഗപ്പെടുത്താനാവും. ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറെ ഗുണകരമായ ഇത്തരമൊരു ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈറ്റില്‍ വച്ച് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് (ഐഡിഎല്‍) നേടുന്നതിന്റെ ആദ്യ നടപടി കുവൈറ്റ് ഇന്റര്‍നാഷണല്‍ ഓട്ടോ മൊബൈല്‍ ക്ലബ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷ നല്‍കുക എന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കാന്‍ പേര്, ജനന തീയതി, ജനനസ്ഥലം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ നല്‍കേണ്ടതുണ്ട്. കൂടാതെ കുവൈറ്റിലെ ഡ്രൈവിങ് ലൈസന്‍സ് വിശദാംശങ്ങള്‍, കുവൈറ്റ് സിവില്‍ ഐഡി നമ്പര്‍, ഡ്രൈവിങ് ലൈസന്‍സിന്റെ കാലഹരണ തീയതി എന്നിവ നല്‍കിയ ശേഷം നിങ്ങളുടെ രണ്ട് എംബി സൈസില്‍ താഴെയുള്ള ഒരു ഫോട്ടോയും ലൈസന്‍സിന്റെ ഇരുഭാഗങ്ങളുടെയും ഫോട്ടോയും അപ്ലോഡ് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ലൈസന്‍സ് ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണോ എന്ന് വ്യക്തമാക്കണം.
തുടര്‍ന്ന് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സിന്റെ സാധുതാ കാലാവധി തെരഞ്ഞെടുക്കുക. ഒരു വര്‍ഷത്തേക്ക് 10 കുവൈറ്റ് ദിനാറാണ് ഫീസ്. അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം നിങ്ങളുടെ ഡെലിവറി ഓപ്ഷന്‍ തെരഞ്ഞെടുക്കണം. ഷുവൈഖ് ബ്രാഞ്ചില്‍ നിന്ന് നേരിട്ട് ശേഖരിക്കാനോ, താമസ വിലാസത്തില്‍ കൊറിയറായി ലഭിക്കാനോ അവസരമുണ്ട്. കൊറിയര്‍ ലഭിക്കണമെങ്കില്‍ മൂന്ന് ദിനാര്‍ അധികം നല്‍കണം. എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്ത് ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക.
നേരിട്ട് ലൈസന്‍സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, നാലാമത്തെ റിങ് റോഡ്, ബ്ലോക്ക് 3 സി, സ്ട്രീറ്റ് നമ്പര്‍ 31, ബില്‍ഡിങ് നമ്പര്‍ 228 എന്ന വിലാസത്തിലാണ് അത് വാങ്ങുന്നതിനായി എത്തേണ്ടത്. പോകുമ്പോള്‍ കുവൈറ്റ് ഐഡി കാര്‍ഡ് കൈവശമുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
തപാല്‍ വിലാസം: P.O.Box 2100 Safat, 13021 Kuwait.
ബന്ധപ്പെടേണ്ട നമ്പറുകള്‍: (+965) 24827521, 24827524, 24827526, 24827528
ഫാക്‌സ്: (+965) 24841433
ഇമെയില്‍: kiac-kwt@kiac.com.kw
Comentarios