ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കെതിരേ കര്‍ശന നടപടിയുമായി കുവൈറ്റ്; അക്കൗണ്ടുകള്‍ മരവിപ്പിക്കും
നിശ്ചിത സമയപരിധിക്കുള്ളിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് കുവൈറ്റ് അധികൃതർ പൗരന്മാരും പ്രവാസികളും മുന്നറിയിപ്പ് നൽകി. വ്യവസ്ഥകൾ പാലിക്കാത്ത വ്യക്തികൾക്കെതിരെ ബാങ്ക് അക്കൗണ്ട് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സെൻട്രൽ ബാങ്കിന് നിർദേശം നൽകിയിട്ടുണ്ട്
കുവൈറ്റ് സിറ്റി: ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതര്‍. നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ നിയമം പാലിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റ് പൗരന്‍മാര്‍ക്ക് ഈ മാസം 30 ആണ് ബയോമെട്രിക് പൂര്‍ത്തീകരിക്കാനുള്ള അവസാന തിയതി. പ്രവാസികള്‍ക്ക് ഡിസംബര്‍ വരെ സമയമുണ്ട്.
ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ നടപടിയെടുക്കുന്നതിന്‍റെ മുന്നോടിയായി ബാങ്കിങ് സംവിധാനങ്ങളെ ഫിംഗര്‍ പ്രിന്‍റുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലും ഇടപാടുകളിലും നിയന്ത്രണങ്ങള്‍ വരുത്തുന്നതിന്‍റെ ഭാഗമായാണിത്. ബയോമെട്രിക് സംബന്ധിച്ച മന്ത്രിതല തീരുമാനം നടപ്പാക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
നിയമലംഘകര്‍ക്കെതിരേ നാല് ഘട്ടങ്ങളിലായാണ് ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ നിശ്ചിത സമയത്തിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് ഉപഭോക്താക്കളുടെ മൊബൈലിലേക്ക് മുന്നറിയിപ്പ് സന്ദേശമയക്കും. ഇത് ഈ ആഴ്ച തന്നെ ആരംഭിക്കും. സമയപരിധിക്കുള്ളില്‍ ഫിംഗര്‍ പ്രിന്‍റ് രജിസ്റ്റര്‍ ചെയ്യാത്തവരുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതാണ് രണ്ടാം ഘട്ടം. ഇതുവഴി നെറ്റ്ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് നിയന്ത്രണം വരും. ഓണ്‍ലൈന്‍ വഴി അക്കൗണ്ട് ബാലന്‍സ് അറിയല്‍, അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് എടുക്കല്‍, ഓണ്‍ലൈനായി പണമയക്കല്‍ തുടങ്ങിയവ അസാധ്യമാവും. സ്വദേശികള്‍ക്ക് സെപ്തംബര്‍ 30 മുതലാണ് ഈ ഘട്ടം ആരംഭിക്കുക.
എന്നിട്ടും ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ ബാങ്ക് കാര്‍ഡുകള്‍ സസ്പെന്‍ഡ് ചെയ്യുന്നതാണ് മൂന്നാംഘട്ട നടപടി. ബാങ്കുമായി ബന്ധപ്പെട്ട് മുഴുവന്‍ കാര്‍ഡുകളുടെയും പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ നിര്‍ത്തലാക്കും. ഇത് ഒക്ടോബര്‍ 31ന് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കെല്ലാം ഈ നിയന്ത്രണം ബാധകമാവും. അതോടെ എടിഎമ്മുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വരും.
ഫിഗര്‍പ്രിന്‍റിങ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാത്ത പൗരന്മാരുടെ മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിക്കുന്നതാണ് നാലാമത്തെ ഘട്ടം. ഡിസംബര്‍ ഒന്ന് മുതലാണ് ഈ ഘട്ടം ആരംഭിക്കുക. നിയന്ത്രണം ബാങ്ക് അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങില്ലെന്നും ഉപഭോക്താവ് ഉപയോഗിക്കുന്ന എല്ലാ അക്കൗണ്ടുകളെയും ബാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, പോർട്ഫഓളിയോകള്‍ തുടങ്ങിയവയെല്ലാം ഇത് ബാധിക്കും. ഓഹരി വില്‍പ്പന, റിയല്‍ എസ്റ്റേറ്റ് വ്യാപാരം, മറ്റു വാണിജ്യ വിനിമയം എന്നിവയ്ക്കും നിയന്ത്രണം വരും.
Comments