കുവൈറ്റില്‍ പുതിയ യാത്രാ നിയമം; പ്രവാസികളുടെ മക്കള്‍ക്ക് രാജ്യം വിടാന്‍ പിതാവിന്റെ അനുമതി വേണം
പുതിയ ഭേദഗതി പ്രകാരം യാത്രാ സമയത്ത് പിതാവ് കൂടെയില്ലാത്തപ്പോൾ കുട്ടികൾക്ക് പിതാവിന്‍റെ മുന്‍കൂട്ടിയുള്ള അനുമതി വേണം. അല്ലെങ്കൽ അവരെ രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്
കുവൈറ്റ് സിറ്റി: പ്രവാസികളുടെ മക്കള്‍ക്ക് ഇനി മുതല്‍ കുവൈറ്റില്‍ നിന്ന് പുറത്തു പോവണമെങ്കില്‍ പിതാവിന്‍റെ രേഖാ മൂലമുള്ള അനുമതി നിര്‍ബന്ധമാണെന്ന് കുവൈറ്റ് അധികൃതര്‍ അറിയിച്ചു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതി പ്രഖ്യാപിച്ചത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് പോര്‍ട്‌സിലെ എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വിഭാഗമാണ് പുതിയ നിയമം നടപ്പിലാക്കുക.
പുതിയ നിയമ ഭേദഗതി പ്രകാരം യാത്രാ വേളയില്‍ പിതാവ് കൂടെയില്ലാത്ത സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് പിതാവിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും അല്ലാത്ത പക്ഷം അവരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്വന്തം മാതാവിന്‍റെയോ ബന്ധുക്കളുടെ കൂടെയാണ് കുട്ടി യാത്ര പോവുന്നതെങ്കിലും ഈ നിയമം ബാധകമാണ്.
പിതാവിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് ഈ പുതിയ നിയമം ബാധകമാവുക. മാതാവാണ് സ്‌പോണ്‍സറെങ്കില്‍ പിതാവിന്‍റെ അനുമതിയുടെ ആവശ്യം വരുന്നില്ല. യാത്രാ വേളയില്‍ പിതാവ് കൂടെയില്ലെങ്കില്‍ കുട്ടികള്‍ക്ക് പിതാവില്‍ നിന്നുള്ള യാത്രാനുമതി രേഖാ മൂലം വാങ്ങി കൈവശം വയ്ക്കണം. ഇതിനായി പാസ്പോര്‍ട്ട് വകുപ്പ് പ്രത്യേക പ്രസ്താവന തയ്യാറാക്കിയിട്ടുണ്ട്. ഈ പ്രസ്താവന പൂരിപ്പിച്ച് പിതാവിന്‍റെ ഒപ്പ് വാങ്ങണമെന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്. അല്ലാത്ത പക്ഷം അവരെ കുവൈറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കില്ല. പുതിയ സംവിധാനം രാജ്യത്തിന്‍റെ എല്ലാ അതിര്‍ത്തികളിലും ഇതിനകം നടപ്പിലാക്കിത്തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്തു നിന്ന് പുറത്തേക്കു പോകുന്ന കുട്ടികള്‍ക്ക് മാത്രമാണ് ഇത് ബാധകമെന്നും കുവൈറ്റിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന കേസുകളില്‍ ഈ നിയമം ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു. ദാമ്പത്യ പ്രശ്‌നങ്ങളാലോ വ്യക്തിപരമായ തര്‍ക്കങ്ങളാലോ മറ്റ് കാരണങ്ങളാലോ അമ്മ കുട്ടികളുമായി യാത്രചെയ്യുകയും പിന്നീട് രാജ്യത്തേക്ക് തിരികെ വരാതിരിക്കുകയും ചെയ്താല്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടു കൊണ്ടുള്ളതാണ് പുതിയ നിയമഭേദഗതിയെന്ന് അധികൃതര്‍ അറിയിച്ചു.
പിതാവിന്‍റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള കുട്ടികളെ പിതാവിന്‍റെ സമ്മതമില്ലാതെ അമ്മ വിദേശത്തേക്ക് കൊണ്ടുപോകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇതെതെന്നും അധികൃതര്‍ പറഞ്ഞു. പിതാവിന്‍റെ സംരക്ഷണത്തിലുള്ള കുട്ടികളെ അമ്മ കൊണ്ടുപോകുന്നത് നിയമലംഘനം ആണെന്നും മന്ത്രാലയം പറയുന്നു. ഈ നിയമം എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇപ്പോള്‍ നടപ്പിലാക്കി തുടങ്ങിയെന്നും അധികൃതര്‍ വ്യക്തമാക്കി.
コメント